സൂപ്പറാന്യൂവേഷൻ നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ

admin February 11, 2026
സൂപ്പറാന്യൂവേഷൻ നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ

കാൻബെറ: ഓസ്‌ട്രേലിയയിലെ സൂപ്പറാന്യൂവേഷൻ സമ്പ്രദായം കൂടുതൽ നീതിയുക്തവും സുസ്ഥിരവുമാക്കുന്നതിനായി ആൽബനീസ് സർക്കാർ പുതിയ നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിച്ചു. തൊഴിലാളികളുടെ വിരമിക്കൽ ജീവിതം കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസകരമാകുന്ന മാറ്റങ്ങളാണ് ‘ലോ ഇൻകം സൂപ്പറാന്യൂവേഷൻ ടാക്സ് ഓഫ്‌സെറ്റ്’ (LISTO) പദ്ധതിയിൽ വരുത്തിയിരിക്കുന്നത്. 2027 ജൂലൈ 1 മുതൽ, LISTO-യുടെ വരുമാന പരിധി 37,000 ഡോളറിൽ നിന്ന് 45,000 ഡോളറായി ഉയർത്തും. ഇതോടെ പത്ത് ലക്ഷത്തിലധികം സാധാരണക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. പരമാവധി ലഭിക്കുന്ന തുക 810 ഡോളറായും വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, വൻതുക സൂപ്പർ അക്കൗണ്ടിൽ സൂക്ഷിക്കുന്നവർക്കുള്ള നികുതി ഇളവുകൾ വെട്ടിച്ചുരുക്കും. 2026 ജൂലൈ 1 മുതൽ, 3 മില്യൺ ഡോളറിന് മുകളിൽ ബാലൻസ് ഉള്ളവരുടെ നികുതി ആനുകൂല്യങ്ങൾ കുറയ്ക്കാനാണ് തീരുമാനം. സൂപ്പറാന്യൂവേഷൻ എന്നത് വിരമിക്കൽ കാലത്തെ ആവശ്യങ്ങൾക്കുള്ളതാണെന്നും, അല്ലാതെ സമ്പാദ്യം കുമിഞ്ഞുകൂൂട്ടാനുള്ള ഉപാധിയല്ലെന്നും സർക്കാർ വ്യക്തമാക്കി.

പണപ്പെരുപ്പം നിയന്ത്രിക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് ട്രഷറർ ജിം ചാൽമേഴ്സ് പറഞ്ഞു. സൂപ്പർ ഗ്യാരന്റി 12 ശതമാനമായി ഉയർത്തുക, പെയ്ഡ് പേരന്റൽ ലീവിൽ സൂപ്പർ അനുവദിക്കുക, ഈ വർഷം ജൂലൈ 1 മുതൽ നടപ്പിലാകുന്ന ‘പേയ്ഡേ സൂപ്പർ’ തുടങ്ങിയവ ലേബർ സർക്കാരിന്റെ സുപ്രധാന നീക്കങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


RELATED POST

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW